അ..അമ്മയെന്നല്ല, അ..അന്നം(ഭക്ഷണം) എന്നാണോ പുതിയ തലമുറ പഠിയ്ക്കുന്നത്! ആവോ! ഞാനുള്‍പ്പെടുന്ന തലമുറ അങ്ങനെയാണ് പഠിയ്ക്കുന്നതെന്നു തോന്നുന്നു.
ഒരു മാതൃദിനം കൂടി കടന്നുപോയി. എഫ്എം റേഡിയോയില്‍ മക്കള്‍ അമ്മമാര്‍ക്കും അമ്മമാര്‍ മക്കള്‍ക്കും ‘ഡെഡിക്കേറ്റ്’ ചെയ്യുന്നു, പാട്ടുകള്‍.അമ്മമാര്‍ക്ക് കാര്ഡയച്ചും ഫോണ്‍ വിളിച്ച് “ഹാപ്പി മദേര്‍സ് ഡേ” പറഞ്ഞും ‘ആഘോഷിയ്ക്കുന്നു, സ്നേഹമുള്ള മക്കള്‍, മാതൃദിനം!!..എല്ലാ ദിനങ്ങളുടെയും കൂടെ, സ്വന്തം അമ്മയ്ക്കും ഒരു ദിനം. മുന്നൂറ്റിഅറുപത്തിയഞ്ചു ദിവസത്തില്‍ ഇരിയ്ക്കട്ടെ, സ്വന്തം അമ്മയ്ക്കും ഒരു ദിനം!
എന്റെ അമ്മയും കാണുന്നുണ്ടാവും, മാതൃദിനവിശേഷങ്ങള്, ടിവിയില്‍, തനിയെ..ഇന്നു വിളിച്ചില്ല, ഞാനെന്റെ അമ്മയെ.എന്താണെനിക്കെന്റെ അമ്മ?
അധ്യാപികയുടെ കപടഗൌരവം മൂലമാവാം, എന്റെ അമ്മയ്ക്കെന്നോട് സ്നേഹമില്ലെന്നായിരുന്നു കുഞ്ഞുന്നാളിലെന്റെ വിചാരം.പൊന്നേ, പൊടിയേ, മുത്തേ എന്നു വിളിയ്ക്കുന്നില്ല, നെറുകയില്‍ ചുംബിയ്ക്കുന്നില്ല, എന്നെ കുളിപ്പിച്ചൊരുക്കുന്നില്ല....ബഹളമയമായിരുന്നു അന്നൊക്കെ പ്രഭാതങ്ങള്‍...അമ്മയ്ക്കുമച്ഛനും മക്കള്‍ മൂന്നു പേര്‍ക്കും രാവിലെ പോകണം..നാലു മണിയ്ക്കെണീയ്ക്കാന് അലാറം വയ്ക്കാതെ, മൂന്നു മണി മുതല്‍ ഉണര്‍ന്നു കിടക്കും, അമ്മ..
പിന്നെ ഒരങ്കമാണ്..പ്രാതലും ഉച്ചഭക്ഷണവുമുണ്ടാക്കി, എല്ലാര്ക്കും പൊതിച്ചോറും നല്കി വീടു പൂട്ടി അവസാനം ഇറങ്ങുന്നതമ്മയായിരിയ്ക്കും.ഇരുപത്തിനാലു വര്‍ഷം ജോലി ചെയ്ത വിദ്യാലയത്തിലേയ്ക്ക്..അമ്മ പഠിച്ചതുമവിടെ..അമ്മയുടെ പല ശിഷ്യരുടെയും മക്കളും ശിഷ്യരായെത്തി പിന്നീട്.കുളിയ്ക്കാനും ഒരുങ്ങാനും തനിയെ ശീലിയ്ക്കൂ എന്നു പറയുന്നതെന്നെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയിട്ടുള്ളത്...വൈകുന്നേരങ്ങളില്‍, അമ്മയുടെ ബാഗിലെ ചില്ലറയുമായി മിഠായി വാങ്ങാനടുത്ത മാടക്കടയിലേയ്ക്കോടുമായിരുന്നെങ്കിലും,ജോലിയില്ലാത്ത അമ്മയായിരുന്നെങ്കില്‍ എന്നോര്‍ത്തു പോയിട്ടുണ്ട് ഞാന്‍ പലപ്പോഴും! കൂടുതല്‍ സമയമുണ്ടാവുമല്ലോ മക്കള്‍ക്കു വേണ്ടി..പക്ഷെ പിന്നീട് അച്ഛന് കടന്നുപോയപ്പോഴും, ആ ജോലി സമ്മാനിച്ച സാമ്പത്തികസുരക്ഷിതത്വം ആണ് എനിയ്ക്ക് മനസ്സിലാക്കിത്തന്നത്, എന്റെ അമ്മയാണ് ശരിയെന്ന്!!
കമ്പിളിപ്പുതപ്പില്‍ മൂടി പനിക്കിടക്കയില്‍ ചുട്ടുപൊള്ളിക്കിടക്കുമ്പോള് പുതപ്പിനിടയിലൂടെ നെറ്റിയിലമരുന്ന തണുത്ത കൈത്തലവും ചൂടു കുറഞ്ഞോയെന്നചോദ്യവും, പിന്നെ കിടയ്ക്കക്കരികില്‍ വിളമ്പിയ കഞ്ഞിയും ചുട്ട പപ്പടവുമാണ് അമ്മയുടെ സ്നേഹത്തിന്റെ നിറവെന്നു തിരിച്ചറീയുന്നത്, ഇവിടെ, അമ്മയില്‍ നിന്നും കാതങ്ങളകലെ, ഉണങ്ങിയ ബ്രെഡ് കഴിച്ച് പാരസെറ്റമോളുംവിഴുങ്ങി, വെള്ളം ചൂടാക്കാന്‍ പോലും എണീയ്ക്കാനാവാതെ, കിടക്കയിലമരുമ്പോഴാണ്...
അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിനു നൂറു കുറ്റം പറഞ്ഞിരുന്ന ഞാന്‍ എന്താണെന്റമ്മ എന്താണെനിക്കിഷ്ടമെന്നു ചോദിയ്ക്കാത്തതെന്നു വിഷമിച്ചു. പിന്നെ, ഉപരിപഠനാര്‍ഥം വിദൂരവാസമായപ്പോള്‍, മനസ്സിലാക്കി, വീട്ടിലെ ഭക്ഷണം അമൃതായിരുന്നുവെന്ന്..
പിന്നീട് വീട്ടിലെത്തുമ്പോള്‍ എന്താ വേണ്ടതെന്ന പതിവില്ലാത്ത ചോദ്യം! എന്തായാലും മതിയെന്ന പതിവില്ലാത്ത ഉത്തരവും ഒപ്പം എനിക്കിഷ്ടമുണ്ടായിരുന്ന ഭക്ഷണവും...
അമ്മ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ ഞാന്‍ കരുതി, ഇനി അമ്മയുടെ തിരക്കു കുറയുമെന്ന്..പക്ഷെ അമ്മയ്ക്ക് ജോലിത്തിരക്കു കൂടിയതെയുള്ളൂ..അമ്മയിപ്പോഴും അതിരാവിലെ എഴുന്നേല്ക്കുന്നു, പിന്നെ തൊടിയും പറമ്പും അടുക്കളയുമായി അമ്മ തിരക്കില്‍തന്നെ!..നീരു വന്നു തൂങ്ങിയ വലത്തെക്കയ്യില്‍ കൊട്ടന്‍ചുക്കാദി പുരട്ടി തടവാനും കിഴി കുത്താനും അവനുണ്ടായിരുന്നെന്ന് അമ്മ പറഞ്ഞെന്ന് ഞാനറിഞ്ഞു.അവനുണ്ടെങ്കിലേ മരുന്നു കഴിച്ചോ എന്നു ചോദിക്കുകയുള്ളെന്നും, അവനുണ്ടെങ്കിലേ സീരിയലിന്റെ കഥയോ ‘അമൃത‘യിലെ ‘സൂപ്പര്‍സ്റ്റാറി‘ന്റെ വിശേഷങ്ങളോ പറയുകയുള്ളെന്നും!! എന്റമ്മ എന്നോടൊന്നും പറയാറില്ല!!.ഞാന്‍ വീട്ടിലെത്തിയാല്‍ സ്വീകരണമുറിയിലെ സോഫയില്‍ കിടക്കുന്ന എന്റെ എതിര്‍വശത്തിരുന്ന്, വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും വിരുന്നുവന്ന പൂച്ചക്കുഞ്ഞുങ്ങളുടെ കാര്യവും പിരിവുകാരെ ചീത്തയും എല്ലാം പറഞ്ഞുകൊണ്ടിരിയ്ക്കുന്ന അമ്മയ്ക്ക് ഞാന്‍ വൈകിയതിലോ ഞാന്‍ വീട്ടിലില്ലാത്തതിലോ പരാതിയില്ല..
ഇപ്പോഴാ വലിയ വീട്ടില്‍, എന്റയമ്മ തനിച്ചാണ്! അച്ഛന് കടന്നുപോയി..ചേട്ടന്മാരുടെ കല്യാണം കഴിഞ്ഞു, ഒരാള്‍ക്ക് കുട്ടിയായി...പക്ഷേ അമ്മ തനിച്ചാണ്!!പണ്ടെങ്ങോ സ്നേഹിച്ചു വളര്‍ത്തിയ പൂച്ചക്കുറിഞ്ഞിയും മക്കളും ചത്തുപോയതിന്റെ സങ്കടത്തില്‍ പിന്നീടേതു പൂച്ച വിരുന്നു വന്നാലും ഓടിച്ചു വിടുമായിരുന്ന അമ്മ, ഇത്തവണ എന്നോട് പറഞ്ഞു, “തള്ളപ്പൂച്ചയും നാലു കുട്ടികളും വന്നിട്ടുണ്ട്, ഞാന്‍ ഓടിച്ചു വിട്ടില്ല, ഒന്നുമല്ലെങ്കില്‍ ഒരു ഒച്ചയുമനക്കവും കാണുമല്ലോ”...“പറമ്പിലെവിടെയോ കാറ്റില്‍ റബ്ബര്മരമൊടിഞ്ഞ ശബ്ദം കേട്ട് പേടിച്ച്, ആരോ അടുക്കളവാതില്‍ പൊളിയ്ക്കുകയാണെന്നു കരുതി ഞാന്‍ പേടിച്ചുവിറച്ചു” എന്നു പറഞ്ഞു എന്റമ്മ,ഞാന്‍ കഴിഞ്ഞ തവണ വിളിച്ചപ്പോള്‍!!കഷ്ടപ്പെട്ടു നനച്ചുവളര്‍ത്തിയ ചീരയും വെണ്ടയും തിന്ന അയല്‍വക്കത്തെ പിടക്കോഴിയെയും കുടുംബത്തെയും ചീത്തപറഞ്ഞോടിച്ച്, തൊടിയിലെ കയ്യാലവക്കത്തെ പാവലിനൊരു പന്തലുമിട്ട്, ആ പാവയ്ക്ക തോരനാക്കിയ കഥയും ഫോണിലൂടെ പറഞ്ഞു എന്റമ്മ! ഇത്തവണ തേന്‍വരിയ്ക്ക നിറയെ കായ്ച്ചു,ചക്കപ്പഴം മുഴുവനും വെറുതെ വീണ് പോയത്രെ. എല്ലാ വിശേഷങ്ങളും പറയുമ്പോഴും “നീ എന്നാണ് വരുന്ന“തെന്ന ചോദ്യം മനഃപൂര്‍വ്വം ഒഴിവാക്കുന്നു എന്റെ അമ്മ! അതാണ് നല്ലത്, എന്റെ കയ്യില്‍ ഉത്തരമില്ലല്ലോ!
Subscribe to:
Post Comments (Atom)
3 comments:
“തള്ളപ്പൂച്ചയും നാലു കുട്ടികളും വന്നിട്ടുണ്ട്, ഞാന്‍ ഓടിച്ചു വിട്ടില്ല, ഒന്നുമല്ലെങ്കില്‍ ഒരു ഒച്ചയുമനക്കവും കാണുമല്ലോ”
"അമ്മാ എന്‍ട്രഴൈക്കാത ഉയിരില്ലയേ...
അമ്മാവൈ വണങ്കാതെ ഉയര്‍വില്ലയേ...
നേരില്‍ നിന്ന് പേസും ദൈവം...
പെറ്റ തായിന്‍ട്രി വേറൊന്‍ട്ര് ഏത്...."
അമ്മ എന്ന് കരയാത്ത ജീവനില്ല... അമ്മയെ വണങ്ങാതെ ഉയര്‍ച്ചയില്ല... നേരില്‍ നിന്ന് നമ്മോടു സംസാരിക്കുന്ന ദൈവം അമ്മ തന്നെ... മന്നന് എന്ന ചിത്രത്തിലെ ഗാനം
'അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിനു നൂറു കുറ്റം പറഞ്ഞിരുന്ന ഞാന്‍, വിദൂരവാസമായപ്പോള്‍, മനസ്സിലാക്കി, വീട്ടിലെ ഭക്ഷണം അമൃതായിരുന്നുവെന്ന്...'
'അമ്മ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ ഞാന്‍ കരുതി, ഇനി അമ്മയുടെ തിരക്കു കുറയുമെന്ന്..പക്ഷെ അമ്മയ്ക്ക് ജോലിത്തിരക്കു കൂടിയതെയുള്ളൂ..അമ്മയിപ്പോഴും അതിരാവിലെ എഴുന്നേല്ക്കുന്നു, പിന്നെ തൊടിയും പറമ്പും അടുക്കളയുമായി അമ്മ തിരക്കില്‍തന്നെ!...'
സുഹൃത്തേ ... നന്നായിരിക്കുന്നു... ആശംസകള്‍
ചില മാതൃദിനചിന്തകള്‍...
ബാജിയേട്ടാ, നന്ദി :)
സഹയാത്രികാ, പിച്ചയെടുത്ത്, സോറി, പിച്ചവച്ച് തുടങ്ങുന്ന വഴികളിലെ വിശാലമായ കമന്റിന് നന്ദി!!ആ പാട്ട് എന്റെയും ഫേവറിറ്റ് ആണ്! :)
Post a Comment