Saturday, September 1, 2007

കണ്ണീരും കാശിത്തുമ്പയും..

വീണ്ടുമൊരു പൊന്നോണം കൂടി ഓര്‍മ്മയായി..ഞാനെന്റെ വീട്ടിലില്ലാത്ത രണ്ടാമത്തെ ഓണം!! മാവേലിയുടെ നാട്ടില്‍ നിന്നും കാതങ്ങള്‍ക്കിപ്പുറം സമയം തെറ്റിപ്പെയ്യുന്ന മഴയെ നോക്കി എന്റെ ഫ്ലാറ്റിന്റെ ചില്ലു ജനാലയ്ക്കരികില്‍‍ വെറും തനിയെ നില്‍ക്കുമ്പോള്‍ ഞാനറിയുന്നു, പ്രവാസിയ്ക്ക് ഓണമാണേറ്റവും വലിയ നഷ്ടമെന്ന്..പിറന്ന നാട്ടില്‍ നിന്നും പ്രവാസത്തിന്റെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തപ്പെട്ട മലയാളിയല്ലാതെ മറ്റാരാ‍ണ് മാവേലി??മൂന്നടിയ്ക്കും മേലേ മണ്ണും പണവും,സമ്പത്തുമുണ്ടാക്കാന്‍, തിരികെയെത്താന്‍ വരം പോലുമില്ലാതെ!!!!ഓണത്തിന് വീട്ടിലെത്താന്‍ കൊതിയ്ക്കുന്ന പ്രവാസിയുടെ മനസ്സിലാണെന്ന് തോന്നുന്നു ഓണത്തിന്റെ നിറവും ഭംഗിയും താളവും സുഖവും!!

പുറത്തെ വാഹനങ്ങളുടെ ഇരമ്പലിനുമപ്പുറം കാതോര്‍ത്താലെനിയ്ക്ക് കേള്‍ക്കാം, എന്റെ വീട്ടിലെ മേളം.., ഉത്രാടസന്ധ്യ..ഉപ്പേരി വറുക്കാനുള്ള ഏത്തക്കായ് താമസിച്ചതിനുള്ള അമ്മയുടെ പരിഭവം!! പച്ചക്കറിയുടെ വിലക്കയറ്റത്തെക്കുറിച്ചുള്ള ഉത്‌കണ്ഠ!!! കയ്യില്‍ നിറയെ ഏത്തയ്ക്കാത്തൊലിയുടെ കറയുമായി ഞാനും..അരിയാന്‍ സമ്മതിയ്ക്കില്ല, അമ്മ, കനം ശരിയാവില്ലത്രെ... നേരത്തെ ഉറങ്ങിയ വല്യേട്ടന്‍ ആദ്യത്തെ വട്ടം ഉപ്പേരി വറുത്തു കോരുമ്പോഴേയ്ക്കും ഹാജരുണ്ടാവും, ഉപ്പു നോക്കാന്‍!!!ഇനി രാവേറെ വൈകും ഈ മേളം തീരണമെങ്കില്‍!!!!

ബാല്യത്തിലെ ഓണം തൊടിയിലെ ആഞ്ഞിലിയില്‍ കെട്ടിയ വലിയ ഊഞ്ഞാലും ബന്ധുക്കളും അയല്‍ക്കാരും കൂട്ടുകാരും, പിന്നെ അമ്മ വറുത്തു കോരുന്ന പപ്പടത്തില്‍ നിന്നും ഒന്നെടുത്ത് ആഞ്ഞിലിയ്ക്കു മുന്നിലെ തൈമാവില്‍ കെട്ടി, ഊഞ്ഞാലിലാടിയുള്ള പപ്പടം കടിയുമായിരുന്നു..ഓണക്കോടി, അമ്മ, ഓണാവധിയ്ക്ക് സ്കൂളടയ്ക്കുന്ന ദിവസം വാങ്ങി വരുന്ന മഞ്ഞക്കോടിമുണ്ടായിരുന്നു...
പിന്നീടെന്റെ ഓണം വീട്ടുമുറ്റത്തെ പ്ലാവില്‍ കെട്ടുന്ന ചെറിയ ഊഞ്ഞാലിലേയ്ക്കും, അയല്‍‌വക്കത്തെ കൂട്ടുകാരനൊപ്പം, ഓണത്തുമ്പികളുമായുള്ള ഓട്ടമത്സരത്തിലേയ്ക്കുമൊതുങ്ങി..ഊഞ്ഞാല്‍ ഓണം കഴിഞ്ഞും കുറേ നാളത്തേയ്ക്ക് കാണും, കുറഞ്ഞത്, സ്കൂള്‍ തുറക്കുന്ന ദിവസം വരെയെങ്കിലും!!ഇപ്പോള്‍ കുട്ടികള്‍ക്ക് ഊഞ്ഞാലൊരെണ്ണം എന്നുമുണ്ടാവും, കാര്‍‌പോര്‍ച്ചിലോ മറ്റോ!! അതു കൊണ്ട് ഓണക്കാലത്തെന്തൂഞ്ഞാല്‍!!
പിന്നെ ആ ഊഞ്ഞാലും കൂട്ടുകാരനും, ഓണവയിലും, ഓണത്തുമ്പിയും ഒന്നുമില്ലാതെ, ഓണം സ്വീകരണമുറിയിലേയ്ക്ക് ചുരുങ്ങി..അവിടെ ചാനലുകള്‍ക്കൊപ്പം "ബ്ലോക്ക്‍ബസ്റ്റര്‍ ഓണം"!!!

ഞാനദ്‌ഭുതപ്പെടാറുരുന്നു, ഓണമാവുമ്പോളെങ്ങനെയാണ് കൃത്യമായും, കാറും കോളും മാറി, മാനം തെളിഞ്ഞ് പ്രകൃതി പ്രസന്നമാവുന്നതെന്ന്!!മുറ്റത്തെയും തൊടിയിലെയും തുമ്പച്ചെടികളെങ്ങനെയാണ് ഈ സമയമറിയുന്നതെന്ന്... പൊന്നില്‍ ചാലിച്ച ചിറകുകളുമായി ഓണത്തുമ്പികള്‍ ഇത്ര കൃത്യമായി എങ്ങിനെയെത്തുന്നെന്ന്!!! ഇപ്പോഴോ, മാനം തെളിഞ്ഞാല്‍ ഭാഗ്യം!! ഓണത്തുമ്പികളുമില്ല..... ഓണവെയിലില്‍‍ തിളങ്ങുന്ന സ്വര്‍ണ്ണവര്‍ണ്ണവുമായി, അവയെത്താത്തത്, മുറ്റത്ത് നിറയെയുണ്ടായിരുന്ന കാശിത്തുമ്പയും കയ്യോന്നിയുമൊക്കെ അപ്രത്യക്ഷമായതു കൊണ്ടോ, അതോ ഒപ്പമോടി മത്സരിയ്ക്കാന്‍‍ മുറ്റത്ത് കുരുന്നുകളില്ലാത്തത് കൊണ്ടോ?? ആവോ!!

തിരുവോണപ്പുലരിയില്‍ മിക്കവാറുമെല്ലാ വിഭവങ്ങളും അമ്മ തന്നെ അതിരാവിലെ ഒരുക്കും, തലേന്നെത്ര വൈകിയാണ്, കിടന്നതെങ്കിലും!! ആദ്യമൊക്കെ തൊടിയിലെ ഞാലിപ്പൂവന്‍ വാഴകളില്‍ നിന്നും ഇലവെട്ടുന്ന ജോലി മാത്രമായിരുന്നു, എന്റേതെങ്കില്‍, പിന്നീട്, തേങ്ങ തിരുമ്മലും പായസത്തിന് തേങ്ങ പിഴിയലുമൊക്കെയായി എന്റെ ഉത്തരവാദിത്തങ്ങള്‍ ഭാരിച്ചതായി!! ഒരിയ്ക്കല്‍ തൊടിയിലെങ്ങും വാഴയിലയില്ലാത്ത വാശിയ്ക്ക് ഞാന്‍ കുറെ വാഴ നട്ടു, അടുത്ത ഓണത്തിന് ഇല ഇഷ്ടം പോലെ വേണമെന്നും പറഞ്ഞ്..ഇല മാത്രമല്ല, കുലയും വെട്ടി!!!പിതൃക്കള്‍ക്കും, മാവേലിയ്ക്കും ഗണപതിയ്ക്കുമൊക്കെ വിളമ്പി, പഴവും പപ്പടവും പായസവുമൊക്കെയായി ആസ്വദിച്ചൊരു സദ്യയും പിന്നെ വെടിവട്ടവും ഉച്ചമയക്കവും!!!

അവിട്ടം നാളിലെ രാവിലത്തെ ഭക്ഷണത്തിന് അവിട്ടക്കട്ട പൊട്ടിയ്ക്കുകയെന്നാണ് പറയുക!!!..നല്ല പഴങ്കഞ്ഞിയും, പിന്നേ തലേന്നത്തെ വിഭവങ്ങളില്‍ പലതും കൂട്ടിയുണ്ടാക്കുന്ന കൂട്ടുകറിയും!! ആഹാ!!!! ഊണ് അടുത്തു തന്നെയുള്ള തറവാട്ടിലാണ്... . കര്‍ക്കിടകപ്പേമാരി ബാക്കിവച്ചിട്ടു പോയ മുട്ടോളം വെള്ളമുള്ള പാടവരമ്പിലൂടെ പോക്കറ്റില്‍ സൂക്ഷിച്ച ഉപ്പേരിയും കൊറിച്ച് ഒരു യാത്രയാണ്, തറവാട്ടിലേയ്ക്ക്!!!അമ്മൂമ്മയും, അമ്മാവന്മാരും, അമ്മായിമാരും, ചിറ്റമ്മമാരും, അവരുടെ മക്കളും...ആകെയൊരു ബഹളം...ഒരു പക്ഷേ ഇങ്ങനെയുള്ള കൂടിച്ചേരലുകളൊക്കെയായിരുന്നിരിയ്ക്കാം,ബന്ധുക്കളൊക്കെ തമ്മിലുള്ള അകലമൊക്കെ കുറച്ചിരുന്നത്..ഏതായാലും ഇപ്പോഴകലം കൂടി, പലരും വരാതായി, തന്നെയല്ല, മുതിര്‍ന്ന്, സ്വന്തം കുടുംബമൊക്കെയായപ്പോള്‍, അമ്മൂമ്മയുടെ കൊച്ചുമക്കള്‍ക്കൊക്കെ, അവരുടെ വീടല്ലേ തറവാട്??
സ്വന്തമായി സമ്പാദ്യമുണ്ടായ ശേഷമുള്ള ആദ്യ ഓണത്തിന് അമ്മയ്ക് ഞാന്‍ ഓണക്കോടി വാങ്ങിക്കൊടുത്തു...പിന്നെ തറവാട്ടില്‍ ഊണ് കഴിഞ്ഞുള്ള വെടിവട്ടത്തില്‍ മുങ്ങിയിരിയ്ക്കുമ്പോള്‍ ആ സാരിയുടുത്തെന്റമ്മ പടി കയറി വന്നത് കണ്ടെന്റെ കണ്ണും മനസ്സും നിറഞ്ഞത് ഇന്നലത്തെ പോലെ തെളിവുള്ളയൊരോര്‍മ്മ!!!

ഈ പൊന്നോണവും ഓര്‍മ്മകളുടെ കൂടെ!! അത്താഴത്തിനുള്ള കറിയ്ക്ക് ഉള്ളിയരിയുമ്പോളെന്റെ കണ്ണില്‍ നിന്നൊഴുകുന്ന കണ്ണീരിനെ നോക്കി ചിരിയ്ക്കുന്നു, എന്റെ സഹമുറിയന്‍ തമിഴന്‍!! അവനറിയില്ലല്ലോ, ഒഴുകുന്ന കണ്ണീരില്‍ എന്നോര്‍മ്മകളും കലരുന്നെന്ന്!!

ചിത്രങ്ങള്‍, ഡ്രാക്കുളയുടെ നാട്ടില്‍ നിന്നും

കോട്ടയ്ക്കുള്ളില്‍ നിന്നുള്ള ദൃശ്യം
കൊട്ടാരത്തിലെ ഒരു മുറി..രാജസഭയാണെന്ന് തോന്നുന്നു

ഒന്നാം നിലയില്‍ നിന്നും മൂന്നാം നിലയിലേയ്ക്ക് ഭിത്തിയ്ക്കിടയിലൂടെയുള്ള രഹസ്യഗോവണി
ഡ്രസ്സിംഗ് റൂമാണോ??


രാജകൊട്ടാരത്തിലെ കരകൌശലങ്ങള്‍




ഡ്രാക്കുച്ചിത്രത്താഴ്!!







കോട്ട, പുറത്ത് നിന്നും..



ഡ്രാക്കുളക്കോട്ട.. റോഡരികില്‍ നിന്നുള്ള കാഴ്ച്ച

ചിത്രങ്ങള്‍ക്ക് കടപ്പാട്: സഹയാത്രികന്‍ സുദീപിന്

Wednesday, August 29, 2007

ഡ്രാക്കുളയുടെ നാട്ടില്‍--ബ്രാസോവ്-2

സത്യം പറഞ്ഞാല്‍ ഉള്ളില്‍ നല്ല പേടിയുണ്ടായിരുന്നു, കാരണം, ഞങ്ങള്‍ കയറാന്‍ പോവുന്നത്, നൂറ്റാണ്ടുകളായി പറഞ്ഞുകേള്‍ക്കുന്ന, രക്തദാഹിയായ ഡ്രാക്കുള ജീവിച്ചിരുന്നു എന്നു പറയപ്പെടുന്ന കെട്ടിടത്തിലേയ്ക്കാണ്.
ആദ്യം കണ്ടത്, കൊട്ടാരത്തിന്റെ കാവല്‍ക്കാരന്റെ മുറിയാണ്..അതൊരു, ഒരു കറുത്ത ഭീകരരൂപിയായ നായയായിരുന്നു. ചോര തുടിയ്ക്കുന്ന നാക്കും കൂ‍ര്‍ത്ത പല്ലുകളും..തിളങ്ങുന്ന, കലങ്ങിയ കണ്ണുകളും......ഈ ‘ഹൌണ്ട്’ എന്നൊക്കെ പറയുന്ന സാധനം!!ആ മുറിയില്‍ ആകെയുണ്ടായിരുന്നത് ആ ഒരു ഫോട്ടോ മാത്രം!!!

കാലപ്പഴക്കത്തിന്റെ കേടുപാടുകളുണ്ടെങ്കിലും ആ കെട്ടിടത്തിനുള്‍വശം നല്ല വണ്ണം പോളിഷ് ഒക്കെച്ചെയ്ത് സംരക്ഷിച്ചിരുന്നു..ഏതാണ്ട് മുഴുവനും തന്നെ മരപ്പണികളാണ് ആ കെട്ടിടത്തില്‍.. ഞങ്ങള്‍ മരഗോവണി കയറി മുകളിലത്തെ നിലയിലെത്തി..അവിടൊക്കെയും കണ്ട ഫോട്ടോകളിലൊന്നും തന്നെ ഭീകരരൂപിയും രക്തദാഹിയുമായ ഡ്രാക്കുളയുടെ ചിത്രം ഞങ്ങള്‍ക്ക് കാണാന്‍ സാധിച്ചില്ല.ഒക്കെയും ഒരു രാജാവിന്റെയും രാജ്ഞിയുടെയും രാജകുമാരന്റെയും ചിത്രങ്ങളായിരുന്നു..ഞങ്ങള്‍ക്കദ്ഭുതം തോന്നാതിരുന്നില്ല്ല..ഇതെന്താ ഇങ്ങനെ? ഇനി ഞങ്ങള്‍ക്ക് സ്ഥലം മാറിപ്പോയോ??..അല്പം ചരിത്രം ചികഞ്ഞിട്ടു വരേണ്ടതായിരുന്നു..
അവിടെ കൊട്ടാരത്തിലുപയോഗിച്ചിരുന്ന വിവിധ തരം പാത്രങ്ങളും ആയുധങ്ങളും മറ്റും പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ ഓരോ മുറിയും , ഊണുമുറിയും കിടപ്പുമുറിയും വിശാലമായ അകത്തളങ്ങളൂമൊക്കെ പുത്തന്‍ പോ‍ലെ സൂക്ഷിച്ചിരുന്നു. പുലിത്തോല്‍ വിരിച്ച അകത്തളങ്ങളും തിളങ്ങുന്ന പാത്രങ്ങളും ആ കൊട്ടാരത്തിനു മാറ്റു കൂട്ടി..സിംഹാസനങ്ങളും മേശകളും ഒക്കെ തടിയില്‍ നിര്‍മ്മിച്ചവയാ‍ായിരുന്നു. തടിയലമാരകളും ജനാലകളും 15-നൂറ്റാണ്ടിലെ ശില്പവൈഭവം വിളിച്ചോതി..വിശാലമായ ഹാളിന്റെ ഒരു വശത്തായി ഒരു ചെറിയ ഇടനാഴിയുണ്ടായിരുന്നു. ഞങ്ങളതിനകത്തു കയറി നോക്കിയപ്പോ രണ്ടു തടിപ്പെട്ടികള്‍ കണ്ടു.ഭിത്തിയില്‍ തൂക്കിയിട്ട വിവരണക്കുറിപ്പില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത്, അതാ രാജാവിന്റെയും മകന്റെയും ശേഷിപ്പാണെന്നാണ്.ആ ഇടനാഴിയില്‍ വെളിച്ചം ഒരു പ്രത്യേകരീതിയിലായിരുന്നു വീണിരുന്നത്...

പെട്ടെന്നൊരു ‘ഹായ്’ കേട്ടു തിരിഞ്ഞു നോക്കിയപ്പോ തൊട്ടു പുറകിലൊരു രൂപത്തെക്കണ്ടു ഞെട്ടി ‘അമ്മെ’ എന്നു വിളിച്ചുപോയി അറിയാതെ!!!
കമ്പിളിത്തൊപ്പിയും തിളങ്ങുന്ന കണ്ണുകളുമായി ഒരു സ്ത്രീരൂപം തൊട്ടു പുറകില്‍....’മീ‍ീ‍ീ‍ീ ഡ്രാക്കുളീഈഈ” എന്നൊരു പരിചയപ്പെടുത്തലും!!

നല്ല ജീവന്‍ പോ‍കാന്‍ ഇതിലൂം കൂടുതല്‍ വല്ലതും വേണോ?..അവര്‍ ചിരിയ്ക്കുമ്പോള്‍ പുറത്തുകാണുന്ന കോമ്പല്ലുകള്‍ക്ക് ദംഷ്ട്രത്തിന്റെ ഛായ!!
“ആ‍ാ‍ാരാ‍ാ???”..അവര്‍ എന്തൊക്കെയോ പറഞ്ഞു..ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല.കുറെ ആംഗ്യഭാഷയും മറ്റുമായി ഞങ്ങള്‍ക്കു മനസ്സിലായത് അവര്‍ ഒരു ഗൈഡാണെന്നാണ്..അവര്‍ ഞങ്ങളുടെ ഒപ്പം നിന്നു ഫോട്ടോയെടുക്കുകയും ഞങ്ങളുറ്റെ ഫോട്ടോയെടൂത്തുതരികയും ഒക്കെ ചെയ്തു..അപ്പോ ഞങ്ങള്‍ ഊഹിച്ചു..ഇതു കാശു വാങ്ങാനുള്ള പരിപാടി തന്നെ!!.പിന്നെ അവര്‍ ഞങ്ങളെ എങ്ങോട്ടോ വിളിച്ചുകൊണ്ടൂ പോയി..
കുറെ വീതികുറഞ്ഞ മരഗോവണികള്‍ അവര്‍ ഓടിക്കയറി..പുറകെ ഞങ്ങളും...എങ്ങോട്ടാണെന്നറീയാതെ!!
ഞങ്ങളെത്തിച്ചേര്‍ന്നത് ഒരു ഇടുങ്ങിയ മുറിയിലാണ്..അവിടെ ഒരു വലിയ കട്ടിലും ഒരു മേശയുമുണ്ടായിരുന്നു...
അകത്തുകടന്ന ഉടനെ, അവര്‍ ആ വാതില്‍ ചേര്‍ത്തടച്ചു...’നോ പ്രോബ്ളം!!’ എന്ന കമന്റും!......
“ദൈവമേ....എന്റെ ദൈവങ്ങളേ...ഇവിടെ ഒടുങ്ങുമല്ലോ എന്റെ ജീവിതം!!...ഈ നൂറ്റാണ്ടിലെ ഡ്രാക്കുളി ഇതാ എന്റെ രക്തമൂറ്റിക്കുടിയ്ക്കാന്‍ പോകുന്നു..“ഒരൂ നിമിഷം വീട്ടുകാരെ മനസ്സിലോര്‍ത്തുപോയി!!!”
അവരാ കമ്പിളിത്തൊപ്പിയഴിച്ചാ മേശമേല്‍ വച്ചു..
എന്നീട്ട്, ആ മേശവലിപ്പു തുറന്നെന്തോ പുറത്തെടുത്തു...ചോരകുടിയ്ക്കാന്‍ ഇനി വല്ല ടൂ‍ളുമൂണ്ടോ???
അവര്‍ പുറത്തെടുത്ത പ്ലാസ്റ്റിക് കവറില്‍ നിന്നും കുറെ കമ്പിളി സോക്സുകളൂം കുട്ടിയുടുപ്പുകളും കുടഞ്ഞിട്ടു....എന്നിട്ടു പറഞ്ഞു..”ടെന്‍ റോണ്‍സ്”..
അപ്പോ‍ഴാണെന്റെ ശ്വാസം നേരെ വീണത്..ഇത്രേയുള്ളാരുന്നോ? ഇതിവര്‍ക്കു നേരത്തേ പറഞ്ഞു തുലച്ചൂ‍ടാരുന്നോ?
അവസാനം അവരുടെ കയ്യില്‍ നിന്നും സുദീപ് സോക്സോ, എന്തോ കുന്ത്രാണ്ടമോ വാങ്ങിയതിനു ശേഷമാണ് അവര്‍ ഞങ്ങളെ പുറത്തു വീട്ടത്!
പുറത്തിറങ്ങിയ ഞങ്ങള്‍ വീണ്ടും ആ തളത്തിന്റെ അപ്പുറത്തെ വശത്തെത്തീ. അവിടെ ഭിത്ത്യ്ക്കുള്ളില്‍ ഒരു തുരങ്കഗോവണിയുണ്ടായിരുന്നു. ഇത് ഭിത്തിയില്‍ ഒളിപ്പിച്ചനിലയില്‍ ഒരാള്‍ക്ക് കടന്നു പോകാവുന്ന ഒരു തുരങ്കമാണ്..പക്ഷേ പടികളാ‍ണെന്ന് മാത്രം..ഇതു കയറിയാല്‍ ഒന്നാം നിലയില്‍ നിന്നും നേരെ ചെന്നെത്തുന്നത് മൂന്നാം നിലയിലുള്ള മട്ടൂപ്പാവിലേയ്ക്കാണ്..അവിടെ നിന്നും മറുവശം വഴി നേരെ പുറത്തേയ്ക്കിറങ്ങാന്‍ മറ്റു ഗോവണികളുമുണ്ടായിരുന്നു..

മൂന്നാ‍ം നിലയില്‍ നിന്നുമുള്ള കാഴ്ച അതിമനോഹരമാണ്..നോക്കെത്താ ദൂ‍രം പര്‍വ്വതനിരകളും, വഴികളും..
താഴെ പഴയ രീതിയില്‍ നിര്‍മ്മിച്ച 3 അടി മാത്രം വ്യാസം വരുന്ന ഒരു കിണറുണ്ടായിരുന്നു..അവിടെ പണ്ടുണ്ടായിരുന്ന മലിനജലസംസ്ക്സരണ സമ്പ്രദായവും മറ്റും അതേപടി നിലനിര്‍ത്തിയിരിയ്ക്കുന്നു....ഞങ്ങള്‍ ചവിട്ടി നിന്ന മരപ്പലകകള്‍ ഇളകുന്നുണ്ടായിരുന്നോ എന്നൊരു സംശയം..
അപ്പോഴാണ് പ്രധാന ഗോപുരത്തിലെ കൊത്തുപണിയുടീ താഴെയായി കോറിയിട്ടിരുന്ന അക്കങ്ങള്‍ല്‍ ഞങ്ങള്‍ വായിച്ചത്--1413...എന്റെ ദൈവമേ!!.ഇത്രയും വര്‍ഷം പഴക്കമുള്ള തടിക്കെട്ടിടത്തിന്റെ മുകളിലാണോ ഞങ്ങളീ നൃത്താഭ്യാസം...ഉടനെ താഴെയിറങ്ങി..പുറത്തേയ്ക്കുള്ള വഴിയേ!!!

വാല്‍ക്കഷ്ണം

അല്പം ചരിത്രം:
വ്ലാദ്, അഥവാ ഡ്രാക്കുള, 1431-ല്‍ ട്രാന്‍സില്‍‌വാനിയയിലെ (ഇപ്പോള്‍ റൊമാനിയയില്‍‍) ഒരു പ്രഭുകുടുംബത്തിലാണ് ജനീച്ചത്. അച്ഛന്റെ വിളിപ്പേര്‍, ഡ്രാക്കുള്‍ എന്നായിരുന്നു.മകനെ ഡ്രാക്കുളീന്റെ മകന്‍ എന്ന അര്‍ഥത്തില്‍ ഡ്രാക്കുള എന്നു വിളിച്ചു വന്നു. ഡ്രാക്കുള്‍ എന്ന വാക്കിന്റെ അര്‍ത്‌ഥം പിശാചെന്നാണ്..അങ്ങനെ ഇയാള്‍ പിശാചിന്റെമകനായി!! നിരന്തര യൂദ്ധങ്ങളുടെ കാലഘട്ടമായിരുന്നു അത്, നമ്മുടെ വ്ലാദും തടവിലാക്കപ്പെട്ടു, പിതാവ് വധിയ്ക്കപ്പെട്ടു. ആദ്യം തുര്‍ക്കികളും, പിന്നീട് ഹംഗറിക്കാരും വ്ലാദിനെ ചങ്ങലയ്ക്കിട്ടു. 1448-ല്‍ സ്വതന്ത്രനാക്കപ്പെട്ട വ്ലാദ്,, പിന്നീട് 1476-ല്‍ മരിയ്ക്കും വരെ ട്രാന്‍സില്‍‌വാനിയയും വാലഷ്യയും അടക്കി വാണു.(ഇതു രണ്ടും ഇപ്പോള്‍ റൊമാനിയയുടെ ഭാഗമാണ്). രണ്ടൂ യുദ്ധങ്ങളില്‍ ധീരനായി പോരാടി തന്റെ കിരീടം കാത്തു സൂക്ഷിച്ച വീരനായകനായിരുന്നു വ്ലാദ്.
പക്ഷേ തടവുകാരുടെയും പ്രജകളുടെയും നേരെയുള്ള ഡ്രാക്കുളയുടെ ക്രൂരമായ പീഢനമുറകള്‍ കുപ്രസിദ്ധമായിരുന്നു...ശരീരം മുഴുവനും ആയുധങ്ങള്‍ കുത്തിക്കയറ്റിക്കിഴിച്ച നീലയില്‍ തടവുകാരെ ദിവസങ്ങളോളം ഇയാള്‍ വഴിയോരങ്ങളില്‍ ഉപേഏക്ഷിയ്ക്കുമായിരുന്നു..കാക്കയ്ക്കും കഴുകനും ബാക്കിവെച്ച്...മറ്റുള്ളവര്‍ക്കൊരു മുന്നറിയിപ്പായി.....രക്തത്തിiല്‍ മുക്കിയ ബ്രഡ് ഇയാളുടെ പ്രിയവിഭവമായിരുന്നത്രെ...
ഒടുവില്‍ തുര്‍ക്കികളുമായുള്ളയുദ്ധത്തില്‍ വ്ലാദ് വധിയ്ക്കപ്പെട്ടു...ബുക്കാറസ്റ്റിലായിരുന്നു അന്ത്യം..പിന്നീട് 1931,ല്‍ ഡ്രാക്കുളയുടേതെന്നു കരുതപ്പെടുന്ന അസ്ഥികൂടം ബുക്കാറസ്റ്റീലെ മ്യൂസിയത്തില്‍ കൊണ്ടു വന്നെങ്കിലും, അതു ദുരൂഹമായി അപ്രത്യക്ഷമായി!!!!.
ഡ്രാക്കുള എന്ന രാജകുമാരനെക്കുറിച്ചുള്ള അനേകം ദുരൂഹമായ ചോദ്യങ്ങള്‍ അവശേഷിപ്പിച്ചുകൊണ്ട്!!!!
ഈ രാജകുമാരനെയും രക്തദാഹിയാ‍യ ‘വാമ്പയര്‍’ എന്ന സങ്കല്‍പ്പത്തെയും കൂ‍ട്ടിച്ചേര്‍ത്ത് കഥകളെഴുതിയത് ബ്രാം സ്റ്റോക്കര്‍ എന്ന ഇംഗ്ലിഷ് എഴുത്തുകാരനാണ്..1897-ല്‍.

ഡ്രാക്കുളയുടെ നാട്ടില്‍--ബ്രാസോവ്

"ഉണ്ടിരുന്ന നായര്‍ക്കൊരു വിളി വന്നു' എന്നു പറയുന്നപോലെയാണ് പെട്ടെന്ന് എനിയ്ക്കും സുഹൃത്ത് സുദീപിനും ഒരു തോന്നലുണ്ടായത്.. തീരുമാനവും ഉടനെയായി. "നാളെ ഡ്രാക്കുളയുടെ കൊട്ടാരം സന്ദര്‍ശിയ്ക്കാം". മാന്ത്രികവല തുറന്നു, പോകേണ്ട സ്ഥലം കണ്ടു പീടിച്ചു.ട്രെയിന്‍, യാത്രക്കൂലി, അടൂത്തുള്ള സന്ദര്‍ശനയോഗ്യമായ സ്ഥലങ്ങള്‍ എല്ലാ‍ ലിസ്റ്റും റെഡി. യാത്രക്കൂ‍ലി വെറും 20 റോണ്‍ അതും ഫസ്റ്റ്ക്ലാസ്സിന്. കൊള്ളാല്ലോ വീഡിയോണ്‍!!. ഈ വിക്കിട്രാവെലിന്റെയൊരു കാര്യം...എന്തൊക്കെ കാര്യങ്ങളാ കണ്ടുപിടിച്ചു വച്ചിരിയ്ക്കുന്നെ?
വീട്ടീന്ന് റെയില്‍‌വേ സ്റ്റേഷന്‍, അവിടുന്നു ട്രെയിന്‍ പിടീച്ചാല്‍ രണ്ടര മണിക്കൂറില്‍ ബ്രാസ്സോവ്, പിന്നെ 12-നമ്പര്‍ ബസ് പീടിച്ചു ബ്രാന്‍..അവിടെയാണത്രേ ഡ്രാക്കുളപ്രഭൂവിന്റെ കൊട്ടാരം..ഉച്ചയോടെ തിരിച്ചു ബ്രാസ്സോവ്, തൊട്ടടുത്തുള്ള കുന്നിന്മുകളിലേയ്ക്കു കേബിള്‍കാര്‍..തിരിച്ച് നടന്നിറങ്ങുക..പിന്നെ ഓള്‍ഡ് ടൌണ്‍, ബ്ലാക്ക് ചര്‍ച്ച്, 9 മണിയുടെ ട്രെയിന്‍ പിടിയ്ക്കുക..സുഖമായി വീട്ടിലെത്തുക..ഈ വിക്കിട്രാ‍വെലിന്റെയൊരു കാര്യം!!

അങ്ങനെ പ്ലാന്‍ റെഡി..ടീമും റെഡി...ഞാന്‍, സുദീപ്, പിന്നെ കല്‍ക്കട്ടക്കാരന്‍ പങ്കജ്..രാവിലെ 6 മണിയ്ക്കാണ് ട്രെയിന്‍..അപ്പോ വെളുപ്പിനെ എഴുന്നേല്‍ക്കണം.ഇപ്പോത്തന്നെ മണി 1.30 ആയി...അയ്യോ..നടക്കില്ല മോനേ...
ഒറ്റ മാര്‍ഗ്ഗമേയുള്ളൂ...ഉറങ്ങാതിരിയ്ക്കുക.. അതിനാണല്ല്ലോ മരതകപ്പച്ചനിറമുള്ള ലോഹപ്പാ‍ത്രത്തിലെ യൂ‍റോപ്പിന്റെ സ്വന്തം ഊര്‍ജദായിനി!!.....അങ്ങനെ നേരം വെളുത്തു...

എല്ലാരും റെഡി...ആയുധങ്ങള്‍, ആവശ്യത്തിനു പലതരം ഊര്‍ജ്ജദായിനികള്‍, പടച്ചട്ടകള്‍ എല്ലാം റെഡി...തണുപ്പിനോട് പൊരുതാന്‍ ഇതെല്ലാം അത്യാവശ്യമല്ലേ?..അവശ്യവസ്തുവഹകളൊക്കെ ബാഗില്‍ കുത്തിനിറച്ച്, ബുക്കാറസ്റ്റ് ഗണപതിയ്ക്കൊരു കോക്കനട്ട് മില്‍ക്‌പൌ ഡറും നേദിച്ച്, ഞങ്ങള്‍ തുടങ്ങി.....ടാക്സി റെയില്‍‌വേ സ്റ്റേഷനിലെത്തി..ടിക്കെറ്റ് കൌണ്ടെറില്‍ തിരക്കൊന്നുമില്ല..അവിടെയിരുന്ന ചേച്ചിയുടെ ആംഗലേയ പരിജ്ഞാനം കാരണം ഞങ്ങള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തൊട്ടും ആംഗ്യഭാഷയുടെ സാധ്യതകളുമുപയോഗിച്ച് പോകേണ്ട ട്രെയിന്‍ കാണിച്ചുകൊടുത്തു...'സെക്കന്റ് ക്ലാസ്?" അവര്‍ ചോദിച്ചു..കഷ്ടം, ഇവര്‍ക്കൊന്നും നമ്മുടെ സ്റ്റാന്‍ഡേര്‍ഡ് അറിയില്ലല്ലോ.
"ഫസ്റ്റ് ക്ലാസ്സ്"...ഞാന്‍ പറഞ്ഞു...അവരുടെ മുഖം വിടര്‍ന്നു..അവരോടാരെങ്കിലും ആദ്യമായാണെന്ന് തോന്നുന്നു ഫസ്റ്റ്ക്ലാസ്സ് ടിക്കറ്റ് വാങ്ങുന്നത്...അഞ്ചു മിനിട്ടെടുത്തു കാല്‍ക്കുലേഷന്..
അതു കഴിഞ്ഞപ്പോ പ്രഖ്യാപനം..280 റോണ്‍.....എന്ത്???നമ്മുടെ കല്‍ക്കട്ടക്കാരന്‍ പങ്കജ് ഹിന്ദിയില്‍ ചീത്തവിളി തുടങ്ങി..ഞാന്‍ കാറ്റു പോയ ബലൂണ്‍ പോലെയായി..വീണ്ടും ചോദിച്ചു..
അതേ,..3 ടിക്കറ്റിന്, 280 റോണ്‍...അയ്യോ...അപ്പോ നമ്മുടെ വിക്കിട്രാവെല്‍ പറഞ്ഞതൊ???? ഈ വിക്കിയുടെ ഒരു കാര്യം!!
"ചേച്ചീ...സെക്കന്‍ഡ് ക്ലാസ്സ്???"
ഇപ്പോള്‍ അവര്‍ മുഖത്തു ബലൂണ്‍ വീര്‍പ്പിയ്ക്കാന്‍ തുടങ്ങി..
"പ്ലീഈഈഈസ്സ്സ്സ്....."
അതു കോറസ്സായിരുന്നു..അവരുടെ മനസ്സലിഞ്ഞു..വീണ്ടൂം കണക്കുകൂട്ടല്‍...180 റോണ്‍.....ഇത്രയേ കുറഞ്ഞൂള്ളൊ?
"അതേയ്, ..ഈ... തേര്‍ഡ്‌ക്ലാസ്സ്??...'
ഫ്‌ഭ്ഹ.......റൊമേനിയന്‍ ഭാഷയിലും മുഖമടച്ചാട്ടാമോ???, ഹേയ്, തോന്നിയതാ..
"നോ തേഡ് ക്ലാസ്സ്"...ശെരി..കൊടുക്കീന്‍.....അങ്ങനെ ട്രെയിനില്‍.....

ട്രെയിനൊക്കെ കൊള്ളാം, കുഴപ്പമില്ല..നമ്മുടെ ഇന്‍ഡ്യന്‍ ട്രെയിനില്‍ നാലു പേരിരിയ്ക്കുന്ന സ്ഥലത്ത് ഇതു 4 പേര്‍ക്കുള്ള സീറ്റുണ്ട്,,,അത്ര മാത്രം..ഞങ്ങള്‍ ഊര്‍ജ്ജദായിനിയും ലഘുഭക്ഷണവുമൊക്കെക്കഴിച്ച് പതുക്കെ ഫോട്ടോ സെഷനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.. രാവിലെ 6 മണിയാണ് സമയം..പുറത്തേയ്ക്ക് നോക്കി..നല്ലോരു സൂര്യോദയം.. " സുദീപേ, ക്ലിക്ക്."..ക്ലിക്കിക്കഴിഞ്ഞു.....ട്രെയിനിപ്പോ സിറ്റിയും വിട്ട്, നോക്കെത്താദൂരം പരന്നുകിടക്കുന്ന കൃഷിയിടങ്ങളെ കീറീമുറിച്ചങ്ങനെ പോകുന്നു...പുലര്‍വെയിലും ഇളം‌മ ഞ്ഞും ഒക്കെക്കൂടി ഏത് പൊട്ടനും യാത്രക്കുറിപ്പെഴുതിപ്പോവുന്ന അന്തരീക്ഷം!!..

ഞാന്‍ വെറുതെ പുറത്തേയ്ക്കു നോക്കിയിരുന്നു..ട്രെയിനിപ്പോ എതോ കാട്ടുപ്രദേശത്തില്‍ക്കൂടിയൊക്കെയാണ് പോകുന്നത്..വസന്തത്തിന്റെ ഹരിതാഭയെത്തിത്തുടങ്ങിയിട്ടില്ല..ശിശിരത്തിലില പൊഴിച്ച മരങ്ങല്‍ തളിരണിഞ്ഞിട്ടുമില്ല. വെയിലേറ്റു തിളങ്ങുന്ന പൊന്നിന്‍ നിറമുള്ള കൊഴിഞ്ഞ ഇലകള്‍ വിതാനിച്ച സ്വര്‍ണ്ണപ്പരവതാനിയില്‍, മഞ്ഞിന്റെ വെള്ളിപ്പട്ടുടുത്തു നില്‍ക്കുന്ന തരുനിരകള്‍ നയനാനന്ദകരമായിരുന്നു .ഒരു കാര്യം മനസ്സിലായി.. വസന്തത്തിന്റെ മരതകപ്പച്ചയോ, ശിശിരത്തിന്റെ ധവളസൌന്ദര്യമോ അല്ല ഞങ്ങളെക്കാത്തിരിയ്ക്കുന്നത്..മറിച്ച്, വസന്ത സൂര്യന്റെ ഇളംചൂടിലൂ രുകിയ മഞ്ഞും പിന്നെ തളിരണിയാന്‍ വെമ്പിനില്‍ക്കുന്ന മരങ്ങളുമാണെന്ന്.. .കുറെക്കൂടിക്കഴിഞ്ഞപ്പോ രണ്ടു വശത്തും മലനിരകള്‍ കാണായിത്തുടങ്ങി.. ഉരുകിത്തുടങ്ങിയ മഞ്ഞ് പര്‍വ്വതനിരകളുടെ മേല്‍ ഒരു വെള്ളപ്പുതപ്പു വിരിച്ചപോലെ...ഹോ! ചില കാഴ്ചകള്‍ കണ്ണു കൊണ്ട് തന്നെ കാണണം.ഒരു ക്യാ‍മറയ്ക്കും അതു പകര്‍ത്താനാവില്ല...

നാലു സ്റ്റേഷനുകള്‍ കടന്നു പോയി..ഇപ്പോള്‍ മലനിരകളൊക്കെയ്യും ഞങ്ങളുടെ അടുത്തേയ്ക്ക് വന്ന പോലെ...കുറെ തുരങ്കങ്ങളും പാറക്കെട്ടുകളുടെ ഇടയിലൂടെയുള്ള വഴികളും..ട്രെയിന്‍ കിതച്ചുകോണ്ടേതോ കയറ്റം കയറുകയാണെന്നു തോന്നി. ഉറവപൊട്ടുന്ന വെള്ളച്ചാട്ടങ്ങളും ഉറഞ്ഞു പോയ നീര്‍ച്ചാലുകളും ആ വനഭംഗീയുടെ പ്രൌഢി കൂട്ടി...പച്ചപ്പു കാണാനേയില്ലാത്ത വനഭംഗി..മൊത്തമൊരു ചാരനിറം,,,,ശാന്തമായൊഴുകുന്ന കുഞ്ഞരുവികളൂം...നമ്മുടെ പ്രിയ ക്യാമറാമാന്‍ എസ്‌കുമാര്‍, അല്ലല്ല, സുദീപ്, എല്ലാം ക്ലിക്കിക്കൊണ്ടിരുന്നു.....

അങ്ങനെ രണ്ടര മണിക്കൂര്‍ യാത്ര ബ്രാസ്സോവ് എന്ന നഗരത്തില്‍(?) അവസാനിച്ചു....ഒരു കുഞ്ഞു നഗരം, പക്ഷെ ബുക്കാറെസ്റ്റീനേക്കാള്‍ മനോഹരം....പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്, കൊടും തണുപ്പാണ്..കയ്യിലുള്ള ജാക്കറ്റു കൊണ്ടൊന്ന്നും വല്യ കാര്യമുണ്ടെന്നു തോന്നുന്നി ല്ല..കയ്യൂറയൊട്ടെടുത്തതൂമില്ല...ഇനി ആകെയുള്ള പ്രതീക്ഷ ഊര്‍ജദായിനിയാണ്...
അതിമനോഹരമായ കാലാവസ്ഥയായിരുന്നു അവിടെ..നല്ല തണുപ്പ്, പക്ഷെ പകലോന്‍ ഉള്ള ഊര്‍ജ്ജം മുഴുവന്‍ കത്തിച്ചു ചൂടാക്കാന്‍ ശ്രമീയ്ക്കുന്നുണ്ട്..അതുകൊണ്ട് നല്ല തെളിച്ചം....ഞങ്ങള്‍ പുറത്തിറങ്ങി നെസ്സ്കഫ്ഫെ മെഷീനില്‍ കപ്പൂച്ചീനോ എന്നെഴുതിയിട്ടുള്ളദ്രാവകം കുടിച്ചു..
ഈ ദ്രാവകം അത്യുഗ്രനാണ്..ഗ്ലാസിന്റെ ഏറ്റവും മുകളില്‍ കുറച്ച് പത, പിന്നെ കുറെ കൈപ്പുള്ള ചൂടു വെള്ളം, പിന്നെ കുറെ കൈയ്ക്കുന്ന കാപ്പിപ്പൊടി..ഏറ്റവും അടിയില്‍ കുറച്ചു പഞ്ചസാര..വളരെ നല്ലതാണ്..ഇതാണ് ഇവിടെ ഓഫീസിലും ദിവസവും 'കാപ്പി' എന്ന പേരില്‍ കുടിയ്ക്കുന്നത്....വീട്ടില്‍ ഉണക്കിക്കുത്തിപ്പൊടിച്ച കാപ്പിപ്പൊടി മാത്രം ഇട്ട് അതിരാവിലെ ഒന്നാന്തരം കട്ടനടിച്ചിരുന്ന എന്റെയൊരു വിധിയേ!!
ഭക്ഷണം കഴിയ്ക്കാന്‍ തീരുമാനമായി..അടുത്തുള്ള കടയില്‍ ചെന്നു..പങ്കജിനു ഇറച്ചി വേണ്ട, എനീയ്ക്കും..അവരെ പറഞ്ഞുമനസ്സിലാക്കിക്കഴിഞ്ഞപ്പോ, ഇറച്ചിയില്ലാത്തതായി ഒന്നും തന്നെയില്ല.ശെരി സാര്‍, ബ്രെഡ് തരൂ..കിട്ടി.. സലാഡ് തരൂ..ഒരു പാത്രം നിറയെ ക്യാബേജ് അരിഞ്ഞത് തന്നു...
"നമ്മള്‍ എന്താ പശുവാ‍??" പങ്കജ് ഹിന്ദിയില്‍ ആ കടക്കാരെ കുടൂംബസമേതം ചീത്ത പറഞ്ഞു...

പിന്നെ തൊട്ടുമുന്നിലുള്ള ബസ്‌സ്റ്റേഷന്‍...കൂടിനിന്നവരിലൊരാളൊട് ടിക്കറ്റെവിടെ കിട്ടുമെന്നു ചോദിച്ചു...ഹഹ, ഇവിടെ ബസ്സില്‍ സ്ത്രീകളും ഇപ്പൊ നിങ്ങളും മാ‍ത്രേ ടിക്കറ്റ് എടുക്കൂ എന്നു മറുപടി..ഏതായാലും അയാള്‍ കാണിച്ചുതന്ന കൌണ്ടറില്‍ പോയി ടിക്കെറ്റ് എടുത്തു. "ഇതടുത്ത ബസ് സ്റ്റേഷന്‍ വരെയാണ്, അവിടൂന്നു വേറേ ബസ് പിടിയ്ക്കണം."...സുദീപ് വിക്കിയില്‍ നിന്നും കിട്ടിയ അറിവു പുറത്തെടുത്തു....അങ്ങനെ ആ ബസ്‌സ്റ്റേഷനില്‍ ഒരു മണിക്കൂ‍ൂര്‍ കാത്തിരുന്നു അടുത്ത ബസ്സിന്...

യാത്ര തുടങ്ങി.."കഷ്ടിച്ച് മുക്കാല്‍ മണിക്കൂറെ എടുക്കൂ.".വിക്കി വീണ്ടും....നേരത്തെ കണ്ട മലനിരകള്‍ അടൂത്തു വരുന്നപോലെ തോന്നി, യാത്ര പുരോഗമിയ്ക്കുന്തോറും...അവയുടെ മുകളില്‍ മഞ്ഞു പരന്നിരിയ്ക്കുന്നതു കണ്ടാല്‍ ആകാശം ആ മലകളിലേയ്ക്കൊഴുകീയിറങ്ങുന്നതു പോലെ തോന്നും..
സുന്ദരമായിരുന്നു ആ കാഴ്ച..ഞങ്ങളൂടെ ഡ്രൈവര്‍ സാമാന്യം നല്ല വേഗതയില്‍ തന്നെ പൊയ്ക്കൊണ്ടിരുന്നു...കുറെ കയറ്റമൊക്കെ കയറി, രണ്ടു മലകളുടെ ഇടയ്ക്ക് വണ്ടി നിന്നു..അതായിരുന്നു ഞങ്ങള്‍ക്കിറങ്ങേണ്ട സ്ഥലം--ബ്രാന്‍, ഡ്രാക്കുളയുടെ സ്വന്തം സ്ഥലം!!.ബസ്സില്‍ നിന്നിറങ്ങിയപ്പോഴേ കണ്ടു, പടങ്ങളില്‍ കണ്ടു പരിചിതമായ ഡ്രാക്കുളക്കോ‍ട്ട...കാലപ്പഴക്കം നല്ലരീതിയില്ലുള്ള കേടുപാടുകള്‍ സമ്മാനിച്ചിട്ടുണ്ടാ കെട്ടിടത്തിന്.... ചുറ്റും ഇഷ്ടം മാതിരി കടകള്‍..എല്ല്ലാം ഡ്രാക്കുള മയം...ടീ-ഷര്‍ട്ടു മുതല്‍ കീ-ചെയിന്‍ വരെ, ചായക്കപ്പു മുതല്‍, വൈന്‍ വരെ..എല്ലാം അങ്ങേരുടെ പേരില്‍...
അകത്തു കടക്കാ‍ന്‍ 20 റോണ്‍ ടിക്കെറ്റും ക്യാമറയ്ക്കൊരു 10 റോണും..കൊള്ളാം...അങ്ങേരു ജീവിച്ചിരുന്നെങ്കില്‍ ഇപ്പോ ഒരു കാശുകാരനായേനേ...
ഏതായാലൂം ടിക്കറ്റ് എടുത്ത് അകത്തു കടന്നു...
വിശാലമായ ഒരു പുല്‍മേട്..നടുക്കൊരു കുളം.....പിന്നെ കുറെയേറെ മരക്കെട്ടിടങ്ങള്‍...ഓരോന്നിലും എഴുതിയിട്ടുണ്ട്...പശുക്കൂട് മുതല്‍, തടിമില്ലു വരെ എല്ലാം അതേ പോലെ സംരക്ഷിച്ചിരിയ്ക്കുന്നു...അതൊക്കെ ചുറ്റിക്കണ്ട ശേഷം ഞങ്ങള്‍ ആ കോട്ടയെ ലക്ഷ്യമാ‍ക്കി നടന്നു..
ഉയരത്തിലാണാ കോട്ട..ഭിത്തിയൊക്കെ ക്ഷയിച്ചു തുടങ്ങിയിരിയ്ക്കുന്നു....
പ്രധാന വാതിലില്‍ നമ്മുടെ മണിച്ചിത്രത്താഴു പോലെ ഒരു വലിയ താഴ്..
ഞാനാ വാതില്‍ തള്ളിത്തുറന്നു....
മുഴങ്ങുന്ന ശബ്ദത്തോടെ, രക്തം മണക്കുന്ന ചരിത്രമുറങ്ങുന്ന, നിഗൂഢരഹസ്യങ്ങളുടെ ആ വാതില്‍ എന്റെ മുന്‍പില്‍ മലര്‍ക്കെത്തുറന്നു!!!....

അ..അമ്മ

അ..അമ്മയെന്നല്ല, അ..അന്നം(ഭക്ഷണം) എന്നാണോ പുതിയ തലമുറ പഠിയ്ക്കുന്നത്! ആവോ! ഞാനുള്‍പ്പെടുന്ന തലമുറ അങ്ങനെയാണ് പഠിയ്ക്കുന്നതെന്നു തോന്നുന്നു.
ഒരു മാതൃദിനം കൂടി കടന്നുപോയി. എഫ്‌എം റേഡിയോയില്‍ മക്കള്‍ അമ്മമാര്‍ക്കും അമ്മമാര്‍ മക്കള്‍ക്കും ‘ഡെഡിക്കേറ്റ്’ ചെയ്യുന്നു, പാട്ടുകള്‍.അമ്മമാര്‍ക്ക് കാര്‍ഡയച്ചും ഫോണ്‍ വിളിച്ച് “ഹാപ്പി മദേര്‍സ് ഡേ” പറഞ്ഞും ‘ആഘോഷിയ്ക്കുന്നു, സ്നേഹമുള്ള മക്കള്‍, മാതൃദിനം!!..എല്ലാ ദിനങ്ങളുടെയും കൂടെ, സ്വന്തം അമ്മയ്ക്കും ഒരു ദിനം. മുന്നൂറ്റിഅറുപത്തിയഞ്ചു ദിവസത്തില്‍ ഇരിയ്ക്കട്ടെ, സ്വന്തം അമ്മയ്ക്കും ഒരു ദിനം!

എന്റെ അമ്മയും കാണുന്നുണ്ടാവും, മാതൃദിനവിശേഷങ്ങള്‍, ടിവിയില്‍, തനിയെ..ഇന്നു വിളിച്ചില്ല, ഞാനെന്റെ അമ്മയെ.എന്താണെനിക്കെന്റെ അമ്മ?

അധ്യാപികയുടെ കപടഗൌരവം മൂലമാവാം, എന്റെ അമ്മയ്ക്കെന്നോട് സ്നേഹമില്ലെന്നായിരുന്നു കുഞ്ഞുന്നാളിലെന്റെ വിചാരം.പൊന്നേ, പൊടിയേ, മുത്തേ എന്നു വിളിയ്ക്കുന്നില്ല, നെറുകയില്‍ ചുംബിയ്ക്കുന്നില്ല, എന്നെ കുളിപ്പിച്ചൊരുക്കുന്നില്ല....ബഹളമയമായിരുന്നു അന്നൊക്കെ പ്രഭാതങ്ങള്‍...അമ്മയ്ക്കുമച്ഛനും മക്കള്‍ മൂന്നു പേര്‍ക്കും രാവിലെ പോകണം..നാലു മണിയ്ക്കെണീയ്ക്കാന്‍ അലാറം വയ്ക്കാതെ, മൂന്നു മണി മുതല്‍ ഉണര്‍ന്നു കിടക്കും, അമ്മ..
പിന്നെ ഒരങ്കമാണ്..പ്രാതലും ഉച്ചഭക്ഷണവുമുണ്ടാക്കി, എല്ലാര്‍ക്കും പൊതിച്ചോറും നല്‍കി വീടു പൂട്ടി അവസാനം ഇറങ്ങുന്നതമ്മയായിരിയ്ക്കും.ഇരുപത്തിനാലു വര്‍ഷം ജോലി ചെയ്ത വിദ്യാലയത്തിലേയ്ക്ക്..അമ്മ പഠിച്ചതുമവിടെ..അമ്മയുടെ പല ശിഷ്യരുടെയും മക്കളും ശിഷ്യരായെത്തി പിന്നീട്.കുളിയ്ക്കാനും ഒരുങ്ങാനും തനിയെ ശീലിയ്ക്കൂ എന്നു പറയുന്നതെന്നെ കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയിട്ടുള്ളത്...വൈകുന്നേരങ്ങളില്‍, അമ്മയുടെ ബാഗിലെ ചില്ലറയുമായി മിഠായി വാങ്ങാനടുത്ത മാടക്കടയിലേയ്ക്കോടുമായിരുന്നെങ്കിലും,ജോലിയില്ലാത്ത അമ്മയായിരുന്നെങ്കില്‍ എന്നോര്‍ത്തു പോയിട്ടുണ്ട് ഞാന്‍ പലപ്പോഴും! കൂടുതല്‍ സമയമുണ്ടാവുമല്ലോ മക്കള്‍ക്കു വേണ്ടി..പക്ഷെ പിന്നീട് അച്ഛന്‍ കടന്നുപോയപ്പോഴും, ആ ജോലി സമ്മാനിച്ച സാമ്പത്തികസുരക്ഷിതത്വം ആണ് എനിയ്ക്ക് മനസ്സിലാക്കിത്തന്നത്, എന്റെ അമ്മയാണ് ശരിയെന്ന്!!

കമ്പിളിപ്പുതപ്പില്‍ മൂടി പനിക്കിടക്കയില്‍ ചുട്ടുപൊള്ളിക്കിടക്കുമ്പോള്‍ പുതപ്പിനിടയിലൂടെ നെറ്റിയിലമരുന്ന തണുത്ത കൈത്തലവും ചൂടു കുറഞ്ഞോയെന്നചോദ്യവും, പിന്നെ കിടയ്ക്കക്കരികില്‍ വിളമ്പിയ കഞ്ഞിയും ചുട്ട പപ്പടവുമാണ്‍ അമ്മയുടെ സ്നേഹത്തിന്റെ നിറവെന്നു തിരിച്ചറീയുന്നത്, ഇവിടെ, അമ്മയില്‍ നിന്നും കാതങ്ങളകലെ, ഉണങ്ങിയ ബ്രെഡ് കഴിച്ച് പാരസെറ്റമോളുംവിഴുങ്ങി, വെള്ളം ചൂടാക്കാന്‍ പോലും എണീയ്ക്കാനാവാതെ, കിടക്കയിലമരുമ്പോഴാണ്...

അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിനു നൂറു കുറ്റം പറഞ്ഞിരുന്ന ഞാന്‍ എന്താണെന്റമ്മ എന്താണെനിക്കിഷ്ടമെന്നു ചോദിയ്ക്കാത്തതെന്നു വിഷമിച്ചു. പിന്നെ, ഉപരിപഠനാര്‍ഥം വിദൂരവാസമായപ്പോള്‍, മനസ്സിലാക്കി, വീട്ടിലെ ഭക്ഷണം അമൃതായിരുന്നുവെന്ന്..
പിന്നീട് വീട്ടിലെത്തുമ്പോള്‍ എന്താ വേണ്ടതെന്ന പതിവില്ലാത്ത ചോദ്യം! എന്തായാലും മതിയെന്ന പതിവില്ലാത്ത ഉത്തരവും ഒപ്പം എനിക്കിഷ്ടമുണ്ടായിരുന്ന ഭക്ഷണവും...

അമ്മ ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ ഞാന്‍ കരുതി, ഇനി അമ്മയുടെ തിരക്കു കുറയുമെന്ന്..പക്ഷെ അമ്മയ്ക്ക് ജോലിത്തിരക്കു കൂടിയതെയുള്ളൂ..അമ്മയിപ്പോഴും അതിരാവിലെ എഴുന്നേല്‍ക്കുന്നു, പിന്നെ തൊടിയും പറമ്പും അടുക്കളയുമായി അമ്മ തിരക്കില്‍‌തന്നെ!..നീരു വന്നു തൂങ്ങിയ വലത്തെക്കയ്യില്‍ കൊട്ടന്‍‌ചുക്കാദി പുരട്ടി തടവാനും കിഴി കുത്താനും അവനുണ്ടായിരുന്നെന്ന് അമ്മ പറഞ്ഞെന്ന് ഞാനറിഞ്ഞു.അവനുണ്ടെങ്കിലേ മരുന്നു കഴിച്ചോ എന്നു ചോദിക്കുകയുള്ളെന്നും, അവനുണ്ടെങ്കിലേ സീരിയലിന്റെ കഥയോ ‘അമൃത‘യിലെ ‘സൂപ്പര്‍‌സ്റ്റാറി‘ന്റെ വിശേഷങ്ങളോ പറയുകയുള്ളെന്നും!! എന്റമ്മ എന്നോടൊന്നും പറയാ‍റില്ല!!.ഞാന്‍ വീട്ടിലെത്തിയാല്‍ സ്വീകരണമുറിയിലെ സോഫയില്‍ കിടക്കുന്ന എന്റെ എതിര്‍വശത്തിരുന്ന്, വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും വിരുന്നുവന്ന പൂച്ചക്കുഞ്ഞുങ്ങളുടെ കാര്യവും പിരിവുകാരെ ചീത്തയും എല്ലാം പറഞ്ഞുകൊണ്ടിരിയ്ക്കുന്ന അമ്മയ്ക്ക് ഞാന്‍ വൈകിയതിലോ ഞാന്‍ വീട്ടിലില്ലാത്തതിലോ പരാതിയില്ല..

ഇപ്പോഴാ വലിയ വീട്ടില്‍, എന്റയമ്മ തനിച്ചാണ്! അച്ഛന്‍ കടന്നുപോയി..ചേട്ടന്‍‌മാരുടെ കല്യാണം കഴിഞ്ഞു, ഒരാള്‍ക്ക് കുട്ടിയായി...പക്ഷേ അമ്മ തനിച്ചാണ്!!പണ്ടെങ്ങോ സ്നേഹിച്ചു വളര്‍ത്തിയ പൂച്ചക്കുറിഞ്ഞിയും മക്കളും ചത്തുപോയതിന്റെ സങ്കടത്തില്‍ പിന്നീടേതു പൂച്ച വിരുന്നു വന്നാലും ഓടിച്ചു വിടുമായിരുന്ന അമ്മ, ഇത്തവണ എന്നോട് പറഞ്ഞു, “തള്ളപ്പൂച്ചയും നാലു കുട്ടികളും വന്നിട്ടുണ്ട്, ഞാന്‍ ഓടിച്ചു വിട്ടില്ല, ഒന്നുമല്ലെങ്കില്‍ ഒരു ഒച്ചയുമനക്കവും കാണുമല്ലോ”...“പറമ്പിലെവിടെയോ കാറ്റില്‍ റബ്ബര്‍മരമൊടിഞ്ഞ ശബ്ദം കേട്ട് പേടിച്ച്, ആരോ അടുക്കളവാതില്‍ പൊളിയ്ക്കുകയാണെന്നു കരുതി ഞാന്‍ പേടിച്ചുവിറച്ചു” എന്നു പറഞ്ഞു എന്റമ്മ,ഞാന്‍ കഴിഞ്ഞ തവണ വിളിച്ചപ്പോള്‍!!കഷ്ടപ്പെട്ടു നനച്ചുവളര്‍ത്തിയ ചീരയും വെണ്ടയും തിന്ന അയല്‍‌വക്കത്തെ പിടക്കോഴിയെയും കുടുംബത്തെയും ചീത്തപറഞ്ഞോടിച്ച്, തൊടിയിലെ കയ്യാലവക്കത്തെ പാവലിനൊരു പന്തലുമിട്ട്, ആ പാവയ്ക്ക തോരനാക്കിയ കഥയും ഫോണിലൂടെ പറഞ്ഞു എന്റമ്മ! ഇത്തവണ തേന്‍വരിയ്ക്ക നിറയെ കായ്ച്ചു,ചക്കപ്പഴം മുഴുവനും വെറുതെ വീണ് പോയത്രെ. എല്ലാ വിശേഷങ്ങളും പറയുമ്പോഴും “നീ എന്നാണ് വരുന്ന“തെന്ന ചോദ്യം മനഃപൂര്‍വ്വം ഒഴിവാക്കുന്നു എന്റെ അമ്മ! അതാണ് നല്ലത്, എന്റെ കയ്യില്‍ ഉത്തരമില്ലല്ലോ!

ഹരിശ്രീ ഗണപതയേ നമ:

ഗജാനനം ഭൂതഗണാദിസേവിതം
കപിത്ഥജംബൂഫലസാരഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വരപാദപങ്കജം..

വിശാലമായ ഭൂലോകത്തിന്റെ മൂലയ്ക്ക് ഈയുള്ളവനും അല്പം സ്ഥലം!! ഇനി ഞാന്‍ കോറിവരയ്ക്കും, പലതുമെഴുതും, വെട്ടിത്തിരുത്തും!!തോന്നും‌പോലെ!!